ഭാരതമെന്നു കേട്ടാൽ

ചിതലരിച്ചു നൂലടർന്ന ഭരണഘടനയിൽ
ഭേദഗതിയുടെ വിരൽ പതിഞ്ഞു. ഡെമോക്രസിയും ജുഡീഷ്യറിയും
അർത്ഥം മറന്ന്
നീതി ദേവതയുടെ കണ്ണുകെട്ടി.
നിറം മങ്ങി പിഞ്ഞിപ്പറിഞ്ഞ
പുരാണ താളുകളിലെ
മഷി പടർന്ന് അനുച്ഛേദങ്ങളേറി. അധ്യായത്തിന്റെ ആദ്യ വരികളിൽ
അഴിമതിയുടെ കറ പുരണ്ടു.
വികസനത്തിന്റെ കേന്ദ്രക്കരടും പൗരത്വത്തിന്റെ അവകാശ ബില്ലും
ഇസ്തിരിയിട്ട കാവി ഖദറിനുള്ളിലൊതുങ്ങി.
പട്ടിണിക്കൂടിന്റെ റേഷൻ ചോറും
വാർദ്ധക്യത്തിന്റെ ചോരയും നീരും
വാഗ്ദാനത്തിന്റെ
വിരലടയാളത്തിലൊതുങ്ങി.
ദുരിതപർവ്വം കയറി
പട്ടിണിപ്പാവങ്ങൾ
തെരുവന്തിക്കു കൂട്ടുകിടന്നു.
ഇനിയും മരിക്കാത്ത മനസ്സിന്റെ
നിലവിളി ആവാഹിച്ച്
താളുകളിൽ അഴിമതിയുടെ നിശ്ശബ്ദം മൗനം.
ഭരണഘടനയുടെ
ചുളിഞ്ഞ താളുകളിൽ കിടന്ന അംബേദ്കർ
അഴിമതിയുടെ വ്യാപ്തി കണ്ടു
അമർഷത്തിന്റെ നെരിപ്പോടായി.
പിന്നെ,
ആത്മാവ് നഷ്ടമായപ്പോൾ
നീതിന്യായത്തിന്റെ
ജ്യാമിതീയ രൂപം കണ്ടു
മൗനത്തിന്റെ പുതിയ ഘടനയിലേക്ക്
തലകൂപ്പി നടന്നു.
ഇന്നലെയും വന്നിരുന്നു. പാതിരായ്ക്ക്…
പുലരാൻ നേരത്ത്…
നട്ടുച്ചയ്ക്ക്…
കേല തുപ്പി കണ്ണ് ചുവപ്പിച്ച്
നാലഞ്ചു പട്ടികൾ.
പൂച്ച കേറാതിരിക്കാൻ
ഉമ്മ, പടിയ്ക്കൽ വെച്ച
കുപ്പി വെള്ളവും
തട്ടിത്തെറിപ്പിച്ചാണിന്നുമവർ
പിരിഞ്ഞുപോയത്.
വന്നാൽ,
കാളിംഗ്ബെല്ലു പോലുമടിക്കാതെ
കസേരയിൽ കയറി
അധികാര ഭാവത്തിൽ ഇരിക്കാറുണ്ട്.
താനിരിക്കേണ്ടിടത്തിരുന്നില്ലേൽ മറ്റാരോ ഇരിക്കുമെന്ന
പുതുമൊഴി കണക്കെ.
ചിലർ,
ഘോരഘോരം കുരയ്ക്കാറുണ്ട്, കേട്ടുമടുത്തതു കൊണ്ടാണോ കൂട്ടിരിക്കാൻ
അധികപേരുമുണ്ടാവാറില്ല.
ഉറക്കങ്ങൾക്കിടെ
മുട്ടി മുട്ടി ഗതികെടാറുണ്ടെങ്കിലും
ഒന്നു മുള്ളാൻ
പുറത്തിറങ്ങാനുള്ള
എന്റെ അവകാശങ്ങൾക്കു മീതെ കുരച്ചു ചാടാറുണ്ട്
ഇന്നും ചില ചാവാലിപ്പട്ടികൾ.
വാൽ:
ഇക്കണ്ടതൊക്കെയാണിന്ത്യയെങ്കിൽ പിന്നെയെന്തിന് ആട്ടിപ്പായിച്ചു നാം പാവം സായ്പ്പിനെ.