സമരകാലത്തിലെ സൗഹൃദക്കാഴ്ചകൾ

നമ്മിൽ കൂടുതലാളുകളും അസ്വാതന്ത്ര്യം എന്ന അനുഭവം ഇല്ലാത്തവരാണ്. അടിയന്തിരാവസ്ഥക്ക് ശേഷം ജനിച്ച എന്നെപ്പോലുള്ളവർ അടിയന്തിരാവസ്ഥ, വൈദേശികാധിപത്യം എന്നിവയെന്തെന്ന അനുഭവം ഇല്ലാത്തവരാണ്.കേരളത്തിൽ ജനിച്ചതിനാൽ തന്നെ വലിയ കലാപങ്ങളോ സംഘർഷങ്ങളോ വർഗീയലഹളകളോ കണ്ടറിയാനായിട്ടില്ല.എന്തൊക്കെ പറഞ്ഞാലും വിഭജനത്തിന്റെ കെടുതികളും നമ്മൾ അനുഭവിച്ചിട്ടില്ല. ഇന്ത്യാവിഭജനത്തെ മറ്റൊരുതരത്തിൽ വ്യാഖ്യാനിക്കാനും, ഇന്നും മനുഷ്യരെ വിഭജിക്കാനുള്ള ഉപാധിയായി അതിനെ മാറ്റാനുമുള്ള ശ്രമം പ്രധാനമന്ത്രി തന്നെ കഴിഞ്ഞ സ്വാതന്ത്രദിനത്തിൽ തുടങ്ങിവെച്ചിട്ടുണ്ട്.
ഇത്തരം പ്രതിസന്ധികൾ ഒന്നും അനുഭവിക്കാത്ത നമ്മളാണ് സ്വാതന്ത്രസമരത്തെ കുറിച്ച് സംസാരിക്കുന്നത് എന്നത് വലിയ പരിമിതിയാണ്. ആദ്യകാലത്ത് മനുഷ്യരുടെ തൊഴിലുകളിലും ജീവിതത്തിലെ സകല മേഖലകളിലും സാമ്രാജ്യത്വശക്തികൾ നേരിട്ട് ഇടപെടുകയും ഇന്ത്യയുടെ സമ്പത്ത് മുഴുവനും കൊള്ളയടിച്ചു കൊണ്ട്പോവുകയുമായിരുന്നു ചെയ്തത്. അതുകൊണ്ട് തന്നെ അക്കാലത്തെ ജനങ്ങൾ അതിന്റെ കെടുതികൾ നേരിട്ട് അനുഭവിക്കുകയായിരുന്നു. അതുകൊണ്ടായിരുന്നു അവർ സമരമുഖത്തേക്ക് ഇറങ്ങിയിരുന്നത്. ഒരു അധികാരവും ഇല്ലാതെ സ്വാതന്ത്ര്യം എന്ന ഒരൊറ്റ വികാരത്തിന് പുറത്തായിരുന്നു ഈ ജനങ്ങളെല്ലാം ഇറങ്ങിപ്പുറപ്പെട്ടത്. അത്ഭുതകരമായ കാര്യം തന്നെയാണത്. പലതരത്തിലുള്ള സമരമുറക്കാരും അവരിൽ ഉണ്ടായിരുന്നു. അവരിൽ സായുധധാരകളും ഏറെയുണ്ടായിരുന്നു എന്നത് എടുത്തു പറയേണ്ടതാണ്.
ഒരിക്കലും ജയിക്കുമെന്നുറപ്പില്ലാത്ത സമരമുഖത്തേക്കായിരുന്നു അവർ ഇറങ്ങിപ്പുറപ്പെട്ടിരുന്നത്.
എല്ലാതരം മനുഷ്യരുടെയും ഐക്യം അക്കാലത്തുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് മുസ്‌ലിംകളുടെ ഖിലാഫത്ത് പ്രസ്ഥാനത്തെ സ്വാതന്ത്ര്യത്തിന്റെ ഭാഗമായിട്ട് ഗാന്ധി എണ്ണിയത്.
ഇന്ന് നമുക്ക് രാഷ്ട്രീയസ്വാതന്ത്ര്യം കൈവന്നിരിക്കുന്നു. നമ്മൾ അതിൽ ആനന്ദിക്കുന്നു. നമ്മൾ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. രാജ്യം സ്വാതന്ത്ര്യത്തിന്റെ മുക്കാൽ നൂറ്റാണ്ട് പൂർത്തിയാക്കിയിരിക്കുന്നു. ഇക്കാലയളവിൽ വലിയ തരത്തിലുള്ള അട്ടിമറികൾ ഇല്ലാതെയാണ് ഇന്ത്യ കടന്നു പോയത് എന്ന് അനുമാനിക്കാം.
എങ്കിലും അ സ്വാതന്ത്ര്യത്തിന്റെ നിരവധി അംശങ്ങൾ എക്കാലത്തും നമുക്ക് കിട്ടിയ സ്വാതന്ത്ര്യത്തിനകത്തുണ്ടായിരുന്നു. ചിലരൊക്കെ തമാശയായിട്ടെങ്കിലും അത് അർദ്ധരാത്രി കിട്ടിയതിനാൽ ശരിക്ക് നോക്കാനൊത്തില്ലെന്നും, സ്വാതന്ത്ര്യം കള്ളനാണയമായിപ്പോയെന്നും പറയാറുണ്ട്. ഈ അസ്വാതന്ത്ര്യം വളരെ പരോക്ഷമാണ്. സ്വാതന്ത്ര്യമുള്ള ഫീലിങ്ങിൽ കഴിയുന്നതിനാൽ നമ്മൾ ഏറെപേരും അലസരാണ്. രാഷ്ട്രീയ സ്വാതന്ത്ര്യം പൂർണമാകണമെങ്കിൽ സാമൂഹിക സ്വാതന്ത്ര്യത്തെ പോലെത്തന്നെ സാമ്പത്തിക സ്വാതന്ത്ര്യവും വേണം. ഇന്ന് രാജ്യത്തിന്റെ 80% സമ്പത്തും 20% ആളുകളാണ് കൈകാര്യം ചെയ്യുന്നത്. ഇപ്പോഴും ഭൂപരിഷ്കരണം നടക്കാത്ത പ്രദേശങ്ങളാണ് ഇന്ത്യയിൽ ഏറെയും. ഭൂമിയിൽ പണിയെടുക്കുന്ന കുടിയാൻ എല്ലാ അർത്ഥത്തിലും ഭൂവുടമയുടെ
അടിമ തന്നെയായി കഴിയുന്നു. തൊഴിലാളികളുടെ വോട്ടവകാശം പോലും ഭൂവുടമകളാൽ നിയന്ത്രിതമാണെന്ന് വരുമ്പോൾ പിന്നെ രാഷ്ട്രീയസ്വാതന്ത്ര്യം ഉണ്ട് എന്ന് പറയുന്നതിന് എന്തർത്ഥമാണുള്ളത്? താഴ്ന്നജാതിക്കാരനെന്ന് മുദ്രകുത്തപ്പെട്ട ഒരു സർക്കാർ ഉദ്യോഗസ്ഥൻ ഉയർന്നജാതിക്കാനെന്ന് അവകാശപ്പെടുന്ന ഒരാളുടെ കാൽ പിടിക്കുന്ന ദൃശ്യം ഇന്നും നമ്മുടെ മാധ്യമങ്ങളിൽ കാണേണ്ടിവരുന്നു. നമ്മുടെ സ്വാതന്ത്ര്യസമരകാലം മുതൽ ഇന്നോളം ഈ വൈരുദ്ധ്യമുണ്ട്.
ഇക്കാര്യത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെയും ഗാന്ധിയെ തന്നെയും ഞാൻ കുറ്റപ്പെടുത്തുന്നു. കാരണം, ജാതി മേൽക്കോയ്മക്ക് ഒരു പരിക്കും ഏൽപ്പിക്കാതെ അങ്ങനെത്തന്നെ നിലനിർത്തുകയായിരുന്നു ഗാന്ധിയടക്കമുള്ളവർ ചെയ്തത്. ജാതി മേൽക്കോയ്മയുടെ സാംസ്കാരികതയോട് സമരസപ്പെടുക യും,എന്നിട്ട് ജാതി മേൽക്കോയ്മ വാദം ഉയർത്തുന്നവരോടൊന്നിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ രാഷ്ട്രീയ സമരം പ്രഖ്യാപിക്കുകയുമായിരുന്നു അവരൊക്കെ ചെയ്തത്. യഥാർത്ഥത്തിൽ ജാതി മേൽക്കോയ്മയുടെ ആളുകൾ ബ്രിട്ടീഷ് അനുകൂലികളാ യിരുന്നു. ജാതിമേൽകോയ്മ ക്കാരുടെ സാംസ്കാരിക തലത്തെ സംരക്ഷിച്ച് നിലനിർത്തുന്നത് കൊണ്ടാണ് ഗോവധ നിരോധനത്തിന് ദേശീയ പ്രസ്ഥാനത്തിന്റെ അജണ്ടകളിൽ ഇടം ലഭിക്കുന്നത്. ഭരണഘടനയുടെ ഡയറക്റ്റീവ് പ്രിൻസിപ്പിൽസിൽ പോലും ഉൾപ്പെട്ട ഈ ഗോവധനിരോധനം ഒരു ഉദാഹരണം മാത്രമാണ്.
സ്വാതന്ത്ര്യാനന്തരവും ഈ വൈരുദ്ധ്യം രൂക്ഷമാവുകയാണു ണ്ടാത്. ഇന്നും നമ്മുടെ സാമൂഹിക അവസ്ഥക്കകത്ത് ജാതിയും തൊട്ടുകൂടായ്മയുമൊക്കെ പ്രശ്നങ്ങളാണ്.
ജാതി മേൽക്കോയ്മക്കതിരെ ശക്തമായ സമരം നടന്നു എന്നതാണ് കേരളത്തെ വ്യത്യസ്തമാക്കുന്ന ഒരു കാര്യം. ഒരുകാലത്ത് ‘പുളിക്കുന്നത് തരിൻ’ എന്ന് ചോദിക്കുന്നതിനു പകരം ‘ഉപ്പ് തരിൻ’ എന്ന് പറഞ്ഞതിന് കേരളത്തിൽ ഒരാളെ അടിച്ചുകൊന്നിട്ടുണ്ട്. അക്കാലത്ത് നടന്ന ധീരമായ പൗരസമരങ്ങളായിരുന്നു കേരളത്തിന്റെ സംസ്കൃതിയെ രൂപപ്പെടുത്തിയത്.
ഇന്ന് നാം കാണുന്ന ഹിന്ദുത്വ ഫാസിസത്തിന്റെ സ്രോതസ്സും ഇന്ത്യയിലെ ജാതി വ്യവസ്ഥയാണ്. ജാതിശ്രേണിയിലെ ഉന്നതർക്ക് മാത്രമാണ് ഭരണം കയ്യാളാനുള്ള അധികാരമുള്ളത് എന്ന അടിസ്ഥാനതത്വത്തിനകത്തു നിന്നാണ് ഇന്നും ഹിന്ദുത്വ പ്രവർത്തിക്കുന്നത്. ഹിന്ദുത്വ ഒരു സവർണ രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ്. മുസ്’ലിംകൾ ഉൾകൊള്ളുന്ന മുഴുവൻ ന്യൂനപക്ഷങ്ങളും യഥാർത്ഥത്തിൽ സൗഹൃദം സ്ഥാപിക്കേണ്ടത് സമൂഹത്തിൽ നിന്നും മാറ്റിനിർത്തപ്പെടുന്ന മനുഷ്യരോടൊപ്പമാ ണ്. അത്തരം ഐക്യപ്പെടലിലൂടെ മാത്രമേ ഇന്ന് അടിച്ചു വീശിക്കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് സമീപനങ്ങൾക്കെതിരെ മുന്നോട്ടു പോകാനാകൂ. മതത്തിനു പുറത്തെ പലതരത്തിലുള്ള ജാതി വിഭാഗക്കാരിലേക്ക് പടരുന്ന സൗഹൃദത്തോടെ മാത്രമേ നമുക്ക് മുന്നോട്ടു പോകാൻ സാധിക്കൂ. ഇത്തരം സൗഹൃദങ്ങളിലൂടയായിരുന്നു നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ അടിത്തറ വിശാലമായിത്തീർന്നത്.ഹിന്ദുത്വ എപ്പോഴും അപരനെ സൃഷ്ടിച്ചുകൊണ്ടാണ് മുന്നോട്ടു പോകാറുള്ളത്. സിനിമ മേഖലയിൽനിന്നും സാഹിത്യ മേഖലകളിൽനിന്നും ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുമെല്ലാം എതിർക്കപ്പെടേണ്ട വിഭാഗങ്ങളെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് അവരുടെ ദൗത്യം.
ഏതൊരാൾക്കും പങ്കെടുക്കാവുന്ന സമരങ്ങളായി ഗാന്ധി ഇന്ത്യൻ സ്വാതന്ത്ര്യസമരങ്ങളെ മാറ്റാൻ തന്റെ സമരമുറകളിലൂടെ യത്നിച്ചു എന്നത് യാഥാർത്ഥ്യമാണ്.എങ്കിലും ഇന്ത്യയിലെ മണ്ണിനെ അത്തരം സമരമുറകൾ സംഘടിപ്പിക്കാൻ പാകമാക്കിയത് 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരമാണ്.ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന നയത്തിലെ രൂപീകരണത്തിന് ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചതും, മറുവശത്ത് ഇന്ത്യൻ ജനതയിലെ ബഹുസ്വരത ഊട്ടിയുറപ്പിക്കപ്പെട്ടതും 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തോടെയാണ്. നമ്മൾ കുറേക്കൂടി അടുത്തറിയാൻ ശ്രമിക്കേണ്ടത് ഈ സമരത്തെയാണ്. ഇക്കാര്യം ഹിന്ദുത്വ ഫാസിസം തിരിച്ചറിയുന്നത് കൊണ്ടാണ് 1817 ലെ പൈക്കാ കലാപമാണ് ഒന്നാം സ്വാതന്ത്ര്യ സമരം എന്നവർ വാദിക്കുന്നത്.ഒഡീഷയിലെ പൈക്കാ സമുദായമാണ് ആ സമരം നയിച്ചിരുന്നത് ബ്രിട്ടീഷുകാർക്കെതിരെ ആയിരുന്നെങ്കിലും ആ സമുദായത്തിന്റെ ഭൂമി താൽപര്യങ്ങളായിരുന്നു സമര കാരണം. ചെറിയ ലക്ഷ്യങ്ങൾ മുന്നോട്ടു വെച്ചിരുന്ന പൈക്കാ സമരം എല്ലാവരെയും ഉൾക്കൊണ്ടിരുന്നില്ല. എന്നാൽ 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം ഇന്ത്യൻ ബഹുസ്വരതയെ മുഴുവൻ ഉൾക്കൊണ്ടിരുന്നു. 1857-ൽ അയോധ്യയിൽ നിന്നാണ് മഹന്ദ് രാംചരൻ ദാസും മൗലവി അമീറലിയും ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ വലിയൊരു അധ്യായത്തിന് നേതൃത്വം കൊടുത്തത്. ബഹദൂർഷാ സഫറിനെ ഡൽഹിയിലെ രാജാവായി വാഴിച്ച് ആ സമരത്തിന്റെ തുടക്കം ഗംഭീരമായി നിർവഹിച്ചത് ഈ രണ്ടു മനുഷ്യരായിരുന്നു. മഹന്ദ് രാംചരൺ ദാസ് ആയോധ്യ യിലെ ക്ഷേത്രങ്ങളുടെ കാര്യകർത്താവും മൗലവി അമീറലി അവിടുത്തെ പള്ളികളുടെ നേതാവുമായിരുന്നു എന്നത് എടുത്തുപറയേണ്ട കാര്യമാണ്. രണ്ടുപേരും അവരവരുടെ ആത്മീയതയിൽ അഭിരമിക്കുന്നതോടൊപ്പം പരസ്പര സൗഹൃദത്തെ സമരമാക്കി മാറ്റുന്നതിലും ഉത്സാഹിച്ചു. അവരുടെ ആത്മീയമായ സ്വാധീനത്തെ ഒരു സമരത്തിലേക്ക് ജനങ്ങളെ ഉണർത്താനുള്ള ശക്തിയാക്കി അവർ മാറ്റിയെടുത്തു. വലിയൊരു മാതൃകയാണത്. അവർ രണ്ടുപേരെയും ബ്രിട്ടീഷുകാർ ഒരേ വിളക്കുകാലിൽ തൂക്കിക്കൊല്ലുകയും മൗലവി അമീറലിയെ ദഹിപ്പിക്കുകയും മഹന്ദ് രാംചരൺ ദാസിനെ കുഴിച്ചിടുകയും ചെയ്തു. മരണത്തിനുശേഷം പോലും നിങ്ങൾക്ക് നിങ്ങളുടെ മതം അനുവദിക്കില്ലെന്ന് ഇതിലൂടെ ബ്രിട്ടീഷുകാർ പ്രഖ്യാപിക്കുകയായിരുന്നു. ഇന്നും അയോധ്യയിൽ അവരെ തൂക്കിലേറ്റിയ സ്ഥലത്ത് ജനങ്ങൾ ഒന്നിച്ച് ആദരാഞ്ജലികളർപ്പിക്കാൻ എത്തുന്നത് കണ്ടാൽ ഒന്നാം സ്വാതന്ത്ര്യ സമരം നൽകിയ ദീർഘകാലത്തേക്കുള്ള ഊർജ്ജം എത്രയുണ്ടെന്ന് ബോധ്യമാകും. ആ വിപ്ലവത്തിലെ സൗഹൃദങ്ങൾ കണ്ടുകൊണ്ടാണ് ബ്രിട്ടീഷുകാർ ബംഗാൾ വിഭജനം നടത്തുന്നതും, സന്യാസികൾക്ക് മാത്രമായി ഭൂമി നൽകാൻ തുടങ്ങുന്നതും, അങ്ങനെ പലതരത്തിലുള്ള വിഭജനങ്ങൾ തുടങ്ങുന്നതും. അന്നുമുതലാണ് ഹിന്ദുമഹാസഭ പോലെയുള്ള സംഘടനകൾ സജീവമാകുന്നത്. ബ്രിട്ടീഷ് വൈസ്രോയി തങ്ങൾക്ക് പുതിയ ഹിന്ദു സുഹൃത്തുക്കളെ കിട്ടിയ സന്തോഷം ബ്രിട്ടനിലേക്ക് എഴുതി അറിയിക്കുന്നുമുണ്ട് അക്കാലത്ത്.സാമ്രാജ്യത്വത്തിന്റെ താൽപര്യത്തിലാണ് ഹിന്ദുത്വയുടെ പൂർവ്വകാല സംഘടനകൾ സജീവമാകുന്നത്.
ഖിലാഫത്ത് സമരത്തോടെയാണ് സൗഹൃദത്തിന്റെ മറ്റൊരു ആവിഷ്കാരം രൂപപ്പെടുത്തുന്നത്. ഗാന്ധിയും അലി സഹോദരന്മാരും തമ്മിലുള്ള സൗഹൃദം രൂഢമാകുന്ന സമയത്താണ് 1925-ൽ ആർ.എസ്.എസ് രൂപംകൊള്ളുന്നത്. പ്രത്യയശാസ്ത്രപരമായി ബ്രിട്ടീഷുകാരോട് കൈകോർക്കുക തന്നെയാണ് ആർ.എസ്.എസും ചെയ്തത്.
മുസ്ലിംകളെ സഹായിച്ചു എന്ന കുറ്റമായിരുന്നു ഗാന്ധിയുടെ മേലിൽ അവർക്ക് ചുമത്താനുണ്ടായിരുന്നത്. അനന്തരം ഗാന്ധിയെ കൊല്ലുകയും യാതൊരുവിധ കുറ്റബോധവും പ്രകടിപ്പിക്കാതെ ഗാന്ധിവധത്തിന് കാരണക്കാരനായതിന്റെപേരിൽ നാഥുറാം വിനായക് ഗോഡ്സേ അഭിമാനിക്കുകവരേ ചെയ്തു. ഇന്നും ഗോഡ്സേ ദേശീയനേതാവാണ് എന്ന് പ്രഖ്യാപിച്ച പ്രജ്ഞാതാ സിംഗ് MP ആയി നിലകൊള്ളുന്നുണ്ടെന്നറിയണം. ഗാന്ധിജിയെ കൊല്ലുന്നതിലൂടെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ സൗഹൃദത്തിന്റെ ആൾ രൂപത്തെയാണ് അവർ കൊന്നത്. പിന്നീട് ഗുജറാത്ത് കലാപത്തിലും ബാബരിമസ്ജിദ് ധ്വംസനത്തിലുമെല്ലാം അത് കണ്ടു.
ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകങ്ങൾതന്നെ തിരുത്തുക എന്നതാണ് ഇന്ന് അവർ ചെയ്തുകൊണ്ടിരിക്കുന്നത്.നമ്മുടെ തെരഞ്ഞെടുപ്പുകളൊക്കെയും ഉപയോഗശൂന്യമായിക്കൊണ്ടിരിക്കുകയാണ്.ജനങ്ങളെ വൈകാരികമായി ഉത്തേജിപ്പിച്ചാൽ തെരഞ്ഞെടുപ്പുകളിൽ ജയിച്ചു വരാം എന്ന നില വന്നുകഴിഞ്ഞാൽ പിന്നെ എന്ത് അർത്ഥമാണ് നമ്മുടെ തെരഞ്ഞെടുപ്പുകൾക്കുള്ളത്?!
വോട്ടിംഗ് മെഷീനിലെ കൃത്രിമം എന്നൊക്കെ പറയുന്നതിനേക്കാൾ ഈ തരത്തിലുള്ള സോഷ്യൽ എൻജിനീയറിങ്ങിനെയാണ് നമ്മൾ ഗൗരവമായി കാണേണ്ടതെന്നാണ് എനിക്ക് തോന്നുന്നത്. ഇന്ന് മതേതര ചേരിക്ക് പോലും ഒരു നിലപാടെടുക്കാൻ സാധിക്കുന്നില്ല. കാശ്മീർ വിഭജനത്തെയോ, സാമ്പത്തിക സംവരണത്തെയോ, യു.എ.പി.എ നിയമം കർശനമാക്കുന്ന ബില്ല് വന്നപ്പോളോ ചോദ്യം ചെയ്യാനും ഒന്നിച്ച് നിന്നെതിർക്കാനും നമുക്കും നമ്മുടെ രാഷ്ട്രീയപാർട്ടികൾ ക്കും സാധിച്ചില്ല. മതേതര പാർട്ടികൾ തന്നെയും ഈ ആശയഗതിക്കു മുന്നിൽ പകച്ചുനിൽക്കുകയാണ്.
ബാബരി മസ്ജിദ് നിന്നിടത്ത് ക്ഷേത്രം പണിയുമ്പോൾ അതിനെ അഭിനന്ദിക്കാൻ ചാടി വരേണ്ട ഗതി വരികയാണിന്ന് നമ്മുടെ കോൺഗ്രസിന്റെ നേതാക്കൾക്ക്. ഒരു ഭൂരിപക്ഷ യുക്തി മാത്രമാണ് നിലനിൽക്കുന്നത് എന്നവർക്ക് തോന്നുന്നത് കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. അതുകൊണ്ട് അവർക്കും ഒരു മൃദുഹിന്ദുത്വത്തിന്റെ തോൽ എടുത്തണിയേണ്ടിവരുന്നു.നമ്മുടെ ജനാധിപത്യത്തിന് ഇത്തരത്തിലുള്ള പിന്നോട്ടടി സംഭവിക്കുന്നുണ്ട്. ആ പിന്നോട്ടടിയിൽ നിന്നും അതിനെ ഉയർത്തിക്കൊണ്ടുവരാൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ പ്രതീക്ഷിച്ചിരിക്കുക യും സാധ്യമല്ല. പലപ്പോഴും രാഷ്ട്രീയ പാർട്ടികൾ പോലും ഭൂരിപക്ഷ യുക്തിക്ക് കീഴടങ്ങും.
അതുകൊണ്ട്, പൗര സമൂഹത്തിന്റെ ഉയർന്ന ജാഗ്രത തന്നെയാണ് നമുക്കാവശ്യം. അത്തരമൊരു ജാഗ്രതകൊണ്ട് മാറ്റങ്ങൾ ഉണ്ടാക്കിയെടുക്കാം എന്നതിന് ഏറ്റവും വലിയ തെളിവാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരയുണ്ടായ സമരം. ഈ സമരത്തെ ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യ സമരം എന്ന് വിളിക്കപ്പെട്ടത് ഇന്ത്യയിലെ ആദ്യ സ്വാതന്ത്ര്യസമരത്തിലെ മനുഷ്യരുടെ ബഹുസ്വരതയും സൗഹൃദവും ഐക്യനിരയും ക്യാമ്പസുകളിലെ സമരസജ്ജതയുമെല്ലാം അതിനകത്ത് ഉൾച്ചേർന്നിരിക്കുന്നു എന്നതുകൊണ്ടാണ്. ആ സമരജ്വാലയും ഇന്ത്യയിലെ ബഹുസ്വര പാരമ്പര്യവും ഇന്ത്യയിൽനിന്ന് കടൽ കടന്നു പോയിട്ടില്ല.

പൗരനായിരിക്കുന്നതിന്റെ അടിസ്ഥാനഘടകം അവകാശബോധമാ ണ്.അത് കിട്ടുന്നുണ്ട് എന്ന് നാം ഉറപ്പു വരുത്തണം.നമ്മളോരോരുത്തരും ഇന്ത്യൻ ദേശീയതയുടെ ബഹുസ്വര പാരമ്പര്യത്തെ കുറിച്ച് നിരന്തരം സംസാരിക്കുകയും സ്വയം ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുകയും വേണം. കുറെയധികം യാത്രകൾ ചെയ്യാനും നാം ശ്രമിക്കണം. പ്രത്യേകിച്ചും പേര് മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ നഗരങ്ങളിൽ ഇനിയും അവശേഷിക്കുന്ന ചരിത്രങ്ങൾ കണ്ടറിയാൻ ശ്രമിക്കണം. ഇന്ത്യൻ ഗ്രാമങ്ങളിലും നാം കടന്നു ചെല്ലണം എന്നുകൂടെ ഞാൻ ഊന്നിപ്പറയുന്നു.
കൂടാതെ നമ്മൾ ശരിയായ മതബോധം ഉള്ളവരായിരിക്കണം.സൗഹൃദ രാഷ്ട്രീയത്തിന്റെ പ്രധാനപ്പെട്ട ഇനമാണ് ശരിയായ മതബോധം. മതത്തിന്റെ ആശയങ്ങൾ തന്നെ വക്രീകരിച്ച് ജനങ്ങളിൽ കുഴപ്പങ്ങളുണ്ടാക്കുന്നവരും ഏറെയുണ്ടല്ലോ. ശാന്തത വിളിച്ചോതുന്ന മതങ്ങളിൽ ചില അക്ഷരവായനകൾ നടത്തി കുഴപ്പങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നത് ഫാഷിസത്തിന് ഏറെ ഗുണകരമാകുന്ന പ്രവർത്തിയാണ്. അതുകൊണ്ട് ശരിയായ മതബോധം ഉള്ളവരുടെ ഐക്യനിര കൂടിക്കൂടി വരേണ്ടതുണ്ട്. അപ്പോൾ മാത്രമേ ഫാസിസത്തെ നിരായുധരാക്കാൻ നമുക്ക് സാധിക്കുകയുള്ളൂ.

അത്യന്തികമായി എനിക്ക് പറയാനുള്ളത്, നമ്മുടെ നാടിനെക്കുറിച്ച് മുറിയാത്ത പ്രതീക്ഷ തന്നെയാണ് നമുക്ക് വേണ്ടത് എന്നാണ്. ഒരിക്കലും ഇന്ത്യ ഒരു ഹിന്ദുത്വ രാഷ്ട്രം ആവാൻ പോകുന്നില്ല. കാരണം അത് ഹിന്ദുവിനെ തന്നെയും ഉൾക്കൊള്ളാത്ത തികച്ചും മേൽത്തട്ടിലുള്ളവരെ മാത്രം ഉൾക്കൊള്ളുന്ന അധികാര വ്യവസ്ഥയാണ് എന്ന് ഇന്ത്യൻ ജനത തിരിച്ചറിയുക തന്നെ ചെയ്യും എന്നതാണ് എന്റെയും പ്രതീക്ഷ.

Leave a Reply

Your email address will not be published.