ആനന്ദിന്റെ ആൾകൂട്ടത്തിലെ വ്യക്തികളും വ്യക്തി കേന്ദ്രീകൃത ദർശനങ്ങളും

1970 ലാണ് ആനന്ദിന്റെ ആൾക്കൂട്ടത്തിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങുന്നത്. ആൾക്കൂട്ടം വായനക്കെടുക്കുന്ന ഏതൊരു മനുഷ്യനും ആദ്യം ചിന്തിക്കുക നോവലെഴുതിയ കാലവും അത് ചർച്ച ചെയ്യുന്ന പ്രമേയവും കണ്ടു മുട്ടുമ്പോൾ സംഭവിക്കുന്ന വൈരുദ്ധ്യാത്മകമായ ചില ഇടങ്ങളെക്കുറിച്ചാണ്. ഇത്തരമൊരു സ്വഭാവം ആൾകൂട്ടത്തെ ഇന്നും ലൈവ് ആക്കി നിർത്തുന്നതിലെ പ്രധാന ഘടകമാണ്. ആൾക്കൂട്ടം വായനക്കെടുത്ത് കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് ഒരു ഉത്തരേന്ത്യൻ യാത്ര നടത്തുകയുണ്ടായി. ജനിച്ചത് കൊണ്ട് മാത്രം മരിക്കാൻ ജീവിക്കുന്ന ചെറിയതും വലിയതുമായ ആൾക്കൂട്ടങ്ങളെ ആ യാത്രയിൽ ഞാനനുഭവിക്കുകയുണ്ടായി.ആൾക്കൂട്ടത്തിൽ ആനന്ദ് നടത്തിയ ഫ്രെയിംവർക്കിന്റെ അപാരതയെക്കുറിച്ച് മനസ്സിലാക്കാൻ അത്തരം യാത്രകൾ കൂടി വേണമന്ന് അന്ന് മനസ്സിലായിട്ടുണ്ട്. ഭരണകൂടവും ജനാധിപത്യ സംവിധാങ്ങളും മാറിക്കൊണ്ടിരിക്കുമ്പോഴും ഇന്ത്യയുടെ വലിയൊരു വിഭാഗം ജനങ്ങളും അനുഭവിക്കുന്ന പാരതന്ത്രവും സന്തുഷ്ടമില്ലായ്മയും മനുഷ്യരുടെ മുഖങ്ങളിൽ നമുക്ക് വായിക്കാൻ കഴിയും.ആൾക്കൂട്ടത്തിലൂടെ ആനന്ദ് കൊണ്ടുവരുന്ന കഥാപാത്രങ്ങളാണ് നോവലിന് ശക്തി നൽകുന്നത്. അവരുടെ അസ്തിത്വ വ്യഥകളിലൂടെയും ദാർശനിക ചിന്തകളിലൂടെയുമാണ് നോവലിന് ജീവൻ ലഭിക്കുന്നത്. കെ.പി അപ്പൻ ആൾക്കൂട്ടത്തിന്റെ ഈ തലത്തെ വിശേഷിപ്പിക്കുന്നതിങ്ങനെയാണ്. ” ചരിത്രത്തിന്റെയും അസ്തിത്വവ്യഥയുടെയും ലോകത്തിലെ പ്രതിരൂപാത്മക വ്യക്തികൾ എന്ന് വിശേഷിപ്പിക്കാവുന്ന കഥപ്രാത്രങ്ങളിലൂടെ, ആൾകൂട്ടത്തിന്റെ തിരക്കിൽ ശ്വാസം മുട്ടി മരിക്കാൻ വിധിക്കപ്പെട്ടവരുടെ യാതനകൾ അപഗ്രഥിച്ച്, അസ്തിത്വവ്യഥയുടെ നീങ്ങിപ്പോകാത്ത നിത്യാധിപത്യത്തെക്കുറിച്ച് ആനന്ദ് തയ്യാറാക്കിയ വിപുലമായ രേഖകളാണ് ആൾക്കൂട്ടം”. ജോസഫ്, സുനിൽ, സുന്ദർ, പ്രേം, രാധ, ലളിത തുടങ്ങിയവരാണ് പ്രധാനമായി ആഖ്യാന കേന്ദ്രത്തിലുള്ളത്.മീന, ഗോപാൽ, കാർബാറി, ഘോർപഡെ എന്നിങ്ങനെ മുഖ്യ കഥാപാത്രങ്ങളോടൊത്ത് വരുന്ന ചെറുധാരകൾ വേറെയുമുണ്ട്. സമൂഹം നിർമിക്കുന്ന ആൾക്കൂട്ടങ്ങളിൽ പെടാതെ തങ്ങളുടെ ദാർശനിക ചുമടുകളിലും സ്വത്വപ്രശ്നങ്ങളിലും ജീവിക്കുന്ന കഥാപാത്രങ്ങളാണ് ആനന്ദിന്റേത്. ജീവിതത്തെക്കുറിച്ച് നിരന്തരം ബോധവാന്മാരാകുകയും സ്വാതന്ത്രത്തിന്റെ പരമമായ അവസ്ഥക്ക് വേണ്ടി ജീവിക്കുകയും ചെയ്യുന്നവരാണവർ. ആൾകൂട്ടത്തിൽ ആനന്ദ് നടത്തിയ ദാർശനിക ഇടപെടലുകൾ മനുഷ്യന്റെ എക്കാലത്തെയും ജീവിത പ്രശ്നങ്ങളിലാണ്. ഏതൊരു വ്യക്തിയും പലപ്പോഴായി ജീവിതത്തിൽ കണ്ടുമുട്ടുന്നതോ അനുഭവിക്കുന്നതോ ആയ പരമാർത്ഥ്യങ്ങളാണ് ഓരോ പേജുകളിലും നിറച്ച് വെച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ പേർത്തും പേർത്തും നമുക്ക് നമ്മെ ഓർമപ്പെടുകയും നമ്മളനുഭവിച്ച അനുഭവ പരിസരത്തേക്ക് നോവലിലെ സന്ദർഭങ്ങളെ കൂട്ടിമുട്ടിക്കുകയും ചെയ്യുന്നു. ഈയൊരു പ്രവർത്തി സ്വത്വത്തെ അറിയാൻ(Seeking Self)നമ്മെ സഹായിക്കുന്നു. ചിലയിടങ്ങളിലെല്ലാം ജോസഫും സുന്ദറും സുനിലുമായെല്ലാം നാം പലപ്പോഴായി വേഷമിട്ടുണ്ടാകും. ആനന്ദിന്റെ എഴുത്തുകളിലെ നരേറ്റർ അദ്ദേഹം തന്നെ ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. താൻ പല സമയങ്ങളിലും സന്ദർഭങ്ങളിലും അനുഭവിക്കുന്ന വ്യത്യസ്ത ഐഡന്റികളെ ആൾകൂട്ടത്തിലൂടെ ആനന്ദ് പ്രതിഫലിപ്പിച്ചതാകാം. മറ്റൊരു കാര്യം ആൾക്കൂട്ടത്തിലെ സുനിലും സുന്ദറും പ്രേമും ജോസഫുമെല്ലാം ഒരാളാണ് എന്നതാണ്. മാക്സ് വെബ്ബർ പറഞ്ഞ റോൾ കോൺഫ്ലിക്റ്റ് (Role conflict) മനുഷ്യന്റെ ജീവിതത്തിൽ പല സമയങ്ങളിൽ കടന്നുവരുന്നതാണ്. സമൂഹവുമായി ഇടപഴകേണ്ടി വരുമ്പോ വ്യക്തിപരമാണെങ്കിൽ കൂടി മനുഷ്യനനുഭവിക്കുന്ന സാമൂഹ്യ പ്രശ്നമാണത്. ഇങ്ങനെ ആൾക്കൂട്ടത്തിലെ കഥാപാത്രങ്ങളെല്ലാം ഒരു മനുഷ്യന്റെ തന്നെ വ്യതിരിക്തമായ ഐഡന്റിയെയും സ്വഭാവ സവിശേഷതയെയുമാണ് അഡ്രസ്സ് ചെയ്യുന്നത്. ദാർശനികതയുടെ വലിയ ചുമടുകൾ ആൾകൂട്ടത്തിലുടനീളം കാണാനാവും. ജീവിതത്തെക്കുറിച്ചുള്ള മൂർച്ചയുള്ള ചോദ്യങ്ങളും പരിഭവങ്ങളും പ്രത്യാശകളും ഈ നോവൽ നിറയെ നമ്മൾ കണ്ട് മുട്ടും. ഇന്ത്യയുടെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്ന് വന്ന് മുംബൈയിൽ താമസമാക്കിയ ജോസഫും സുനിലും പ്രേമും സുന്ദറുമെല്ലാം ജീവിതത്തിന്റെ അർത്ഥങ്ങളെ വ്യത്യസ്ത തരത്തിലാണ് മനസ്സിലാക്കുന്നത്. സുന്ദർ മത്സരാതിഷ്ഠിതമായ ബിസിനസ്സ് ലോകത്തിലൂടെ വലിയൊരു സാമ്രാജ്യം കെട്ടിപ്പടുകയും അതാണ് ജീവിതത്തിന്റെ ലക്ഷ്യമെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. അയാൾക്ക് വ്യക്തിയിലാണ് പ്രതീഷ. വ്യക്തി വളരുകയും വികസിക്കുകയും മോക്ഷം പ്രാപിക്കുകയും ചെയ്യുക എന്നതാണ് അയാളുടെ പ്രവർത്തനങ്ങളുടെ ആകെത്തുക. സമൂഹത്തിന് അയാൾ പ്രാധാന്യം നൽകുന്നില്ല. എന്നാൽ സമ്പത്തിന്റെ ശീതളിമയിൽ അയാൾക്ക് സ്വാതന്ത്രം ലഭിക്കുന്നുമില്ല. കമ്പനിയുടെയും അതിന്റെ മുതലാളിയുടെയും അടിമയായി അതിനെ ഉയരങ്ങളിലെത്തിക്കുവാനുള്ള തന്ത്രപ്പാടിൽ അയാൾ സ്വത്വത്തെ മറക്കുന്നു. എന്നാൽ ജോസഫ് മനുഷ്യൻ എന്ന തത്ത്വത്തെ അവഗണിച്ചു മനുഷ്യർ എന്ന പൊതുതത്ത്വത്തിന്റെ നന്മയും തേടി ഉഴറി നടക്കുന്ന ആദർശവാദിയാണ്. സുനിലിലും ഈയൊരു ഐഡന്റിയെ നമുക്ക് കാണാൻ കഴിയും. സോഷ്യോളജിയിൽ ഐ ആന്റ് മീ (I and me) എന്ന് പറയുന്ന തിയറിയുണ്ട്. ഐ എന്നത് സോഷ്യൽ ആവാത്ത, സാമൂഹികമായി യാതൊരു എൻഗേജ്മെന്റുകളും ഇല്ലാത്ത സെൽഫിനെയാണ്. എന്നാൽ me എന്നത് സോഷ്യലായ man is a social animal എന്ന് പറയത്തക്ക രീതിയിലുള്ള സെൽഫാണ്. ഈ രണ്ട് സെൽഫിന്റെയും യോജിപ്പിച്ച രൂപമാണ് ജോസഫും പ്രേമും സുനിലും. ഒരു multi disciplinary self എന്ന് വേണമെങ്കിൽ നമുക്കതിനെ വിശേഷിപ്പിക്കാം. സാമൂഹികമാകുമ്പോഴും തന്റെ ഉള്ളിൽ ചുരമാന്തിക്കൊണ്ടിരിക്കുന്ന സ്വത്വപരമായ പ്രശ്നങ്ങൾ കൊണ്ടാണ് സുനിൽ ലളിതയിൽ നിന്നും അവളുടെ പ്രണയത്തിൽ നിന്നും അകലുന്നത്. തന്റെ തന്നെ പ്രശ്നങ്ങളിൽ ഉഴറി നടന്ന് ആ ഭാരം മറ്റൊരാൾക്ക് പകുത്തു കൊടുക്കാൻ കഴിയാത്തവിധം അയാൾ സെൽഫിഷാകുന്നുണ്ട് നോവലിൽ ഒരിടത്ത്. എന്നാൽ രാധയും ജോസഫും തങ്ങളുടെ ആത്മസംഘർഷങ്ങളെ പരസ്പരം പകുത്ത് നൽകുകയും പരസ്പരം ദൃഢമായി സ്നേഹിക്കുകയും ചെയ്യുന്നുണ്ട്. ഏറ്റവും മാരകമായ സ്വഭാവമായി തോന്നിയത് പ്രേമിന്റേതാണ്. അയാൾ പ്രതീക്ഷിക്കാതെ വായനക്കാരനെ പലയിടത്തും അത്ഭുതപ്പെടുത്തുന്നുണ്ട്. ചിത്തോഡിലേക്ക് കോട്ട കാണാൻ പോകുമ്പോൾ സംഭവിക്കുന്ന കാര്യങ്ങളും അവിടന്ന് മീനയുടെ അടുത്തെത്തുന്നതും ഒരു വേശ്യക്ക് അവളുടെ കാര്യലാഭത്തിന് വേണ്ടി ഭർത്താവാകുന്നതും അവസാനം അവളുടെ കുഞ്ഞിനെ ഏറ്റെടുക്കുന്നതുമെല്ലാം പ്രേമിനോടുള വായനക്കാരന്റെ സ്നേഹവും ബഹുമാനവും വർദ്ധിപ്പിക്കും. ആശയപരമായി ഏറ്റവും സമ്പുഷ്ടം ജോസഫാണ്. “ലോകത്ത് രണ്ട് തരം മനുഷ്യരുണ്ടെന്ന് പറയാറുണ്ട്. തന്നിലേക്കു തന്നെ തിരിഞ്ഞിരിക്കുന്നവരും മറ്റുളളവരുടെ നേരെ തിരിഞ്ഞിരിക്കുന്നവരും. രണ്ടാമത്തെ വിഭാഗം സമുദായ ജീവികളാണ്. തന്നിലേക്ക് തന്നെ തിരിഞ്ഞിരിക്കുന്ന മനുഷ്യരില്ല, മനുഷ്യനു പൊതുവെ ആ കൃത്യം അസഹ്യമാണ്. വേറൊരു പോംവഴിയുമില്ലാതാകുമ്പോഴാണ് ഒരാൾ തന്റെ നേരെ തന്നെ തിരിയുന്നത്.” C.H coolie യുടെ looking glass self theory ക്ക് ഈ വാക്കുകളുമായി അഭേദ്യമായ ബന്ധമുണ്ട്. തന്നിലേക്ക് നോക്കാൻ മനുഷ്യന് മടിയാണ്, അറപ്പാണ് ,വെറുപ്പാണ്. കാരണം അവിടം മലീമസമായിരിക്കും. ഓരോരുത്തർക്കും ഏറെ അറിയുന്നത് തന്നെ ആയിരിക്കുമല്ലോ? എന്നാൽ താൻ ഏറ്റവും കൂടുതൽ പരിഗണന നൽകേണ്ട, മറ്റാരിലേക്കാളും തന്റെ ശ്രദ്ധ ഏറ്റവും കൂടുതൽ ചെല്ലേണ്ടതുമായ വ്യക്തി ഓരോരുത്തർക്കും താൻ തന്നെയാകും. അതിനെ അവഗണിക്കുമ്പോഴാണ് മനുഷ്യന് മാനസികമായ രോഗങ്ങളും പ്രശ്നങ്ങളും സൃഷ്ടിക്കപ്പെടുന്നത്. ഈയൊരു കാര്യത്തെ തന്റെ കഥാപാത്രങ്ങളിലൂടെ ആനന്ദ് കൃത്യമായി പറയാൻ ശ്രമിച്ചിട്ടുണ്ട്. ആൾകൂട്ടത്തെക്കുറിച്ചുള്ള കെ.ഗോപിനാഥന്റെ നിരീക്ഷണം പോലെ നോവലിൽ പ്രണയവും ശാരീരിക അഭിലാഷങ്ങളുമെല്ലാം പൊതുവെയുള്ള ഒരു ആഖ്യാനത്തിൽ നിന്ന് വ്യത്യസ്തമാണ്. സാധാരണ എഴുത്ത് രീതികളിൽ ആണിന് പെണ്ണിനോടാണ് ഇത്യാതി കാര്യങ്ങൾ തോന്നുനതായി കാണിക്കുക. എന്നാൽ ആൾകൂട്ടത്തിൽ ഇതിനെല്ലാം മുൻകൈയ്യെടുക്കുന്നത് സ്ത്രീ കഥാപാത്രങ്ങളാണ്. രാധയും ലളിതയുമെല്ലാം ജോസഫിനോടും സുനിലിനോടും ഇങ്ങോട്ടാണ് പ്രണയാഭ്യാർത്ഥന നടത്തുന്നത്. മറ്റൊരു കാര്യം ആൾകൂട്ടം എഴുതപ്പെട്ട കാലഘട്ടത്തിലെ രാഷ്ട്രീയത്തോടും സാമൂഹിക ജീവിതത്തോടും കൃത്യമായ കാഴ്ചപ്പാടുകൾ പങ്ക് വെക്കുന്നുണ്ട് എന്നതാണ്. അടിയന്തിരാവസ്ഥക്കാലവും തൊഴിലില്ലായ്മയുമെല്ലാം അക്കാലത്തെ ജനജീവിതത്തെ എങ്ങനെ ബാധിച്ചുവെന്ന് നോവൽ സംസാരിക്കുന്നുണ്ട്. അന്നത്തെ രാഷ്ട്രീയ – സാമൂഹിക അരക്ഷിതാവസ്ഥ ഇന്നും നമുക്ക് സംസാരിക്കാൻ പാകത്തിൽ നമുക്ക് ചുറ്റും സംഭവിക്കുന്നുണ്ടെന്ന ബോധം ആൾകൂട്ടം കാലഘട്ടങ്ങളെ അതിജീവിച്ചു ഇന്നും എങ്ങനെ വായിക്കപ്പെടുന്നു എന്നതിന്റെ ഉത്തരങ്ങളിലൊന്നാണ്.

Leave a Reply

Your email address will not be published.