കണക്കിൽ തോറ്റത് കൊണ്ടാണ്
കവിതയിലേക്ക്
തിരിഞ്ഞത് .
കവിതയും
കണക്കു പിഴച്ച പോലെ…
മനസ്സിൽ മഴ പെയ്യുമ്പോൾ പുറത്തു വെയിൽ കത്തുകയായിരുന്നു .
ഗസൽ സദിരുകളിൽ
നിന്ന് ചഷകങ്ങൾ കമഴ്ത്തി
പുറത്തേക്ക് പായുകയായിരുന്നു….

അകം തുളുമ്പിയ ചഷകം അകലങ്ങളിലേക്ക് പായിച്ചപ്പോ
ഏതോ ചിത്ര ഭാഷയായിരുന്നത്രെ വരികൾ !
വാക്കുകൾ അർത്ഥങ്ങളോട് എന്നും പിണങ്ങിക്കിടന്നു.
രൂപകങ്ങൾ, ഉപമകൾ, ഉൽപ്രേക്ഷ….
എല്ലാം അസ്ഥാനത്തുo അസംഗതമായും കാണപ്പെട്ടു.
ബിംബംങ്ങൾ ചത്തു പൊന്തിയ പോലെയും
പ്രതീകങ്ങൾ കൂടു മറന്ന കിളികൾ പോലെയും ഒഴുകിനടന്നു.
ഞാനെപ്പഴും
സ്വപ്നാടാനത്തിലെന്ന പോലെ….
എതിരെ ആരോ ചേർന്നു മീട്ടുന്ന ഒരു
ജുഗൽബന്ദിയിലായിരുന്നു.
കാക്കക്കലമ്പൽ പോലെ എനിക്കവരുടെ ഗാനങ്ങൾ അലോസരമായി.
മൗനം നൂൽക്കുന്ന ഒരു മാലാഖക്കു മാത്രം
ഞാനെന്റെ കവിതകൾ വായിച്ചു കൊടുത്തു.
അവൾ അത് കേട്ട് ചിലപ്പോളൊക്കെ ഒരമ്മയെപ്പോലെ കരയുകയും ഒരു കാമുകിയെപ്പോലെ കൊതിപ്പിച്ചു ചിരിക്കുകയും ചെയ്തു.
താളുകൾ തീർന്നു പോകുന്നുവെന്ന് തോന്നുന്നത് വെറുതെയാണെന്നാണ്
അവൾ പറയുന്നത്.
മഷി നിറക്കാൻ സമുദ്രങ്ങൾ എങ്ങോ ഇരമ്പുന്നു !
മെഹഫിൽ തീരുന്നില്ലല്ലോ !
നീ പാടുവോളം :
നിന്റെ മായാ മയിൽ ആടുവോളം !

Leave a Reply

Your email address will not be published.