എൻ്റെ ചോര പെയ്യുന്ന ഭൂപടം

പുറപ്പെട്ടുപോകുന്ന വാക്കുകളെ ചിറകെട്ടി നിർത്തുന്ന സർഗപ്രക്രിയയാണ് ഒരർത്ഥത്തിൽ എഴുത്ത്. പറഞ്ഞേപറ്റൂ എന്ന ഉൾവിളിയാണ് എഴുത്തിന്റെ പ്രേരകം. നിശബ്ദത കുറ്റമാകുന്ന ചില രാഷ്ട്രീയസന്ദർഭങ്ങളുണ്ടല്ലോ. അതിലൊന്ന് സമഗ്രാധിപത്യസ്വഭാവമുള്ള പാർട്ടികൾ അധികാരം കയ്യാളലാണ്. ഇന്ത്യയിൽ 2014-ൽ അത് സംഭവിച്ചു. അതിന് മുമ്പും ആ രാഷ്ട്രീയമനോനില ഇവിടെയുണ്ട്. അധികാരത്തിൽ നിന്ന് പുറന്തളപ്പെട്ടാലും അത് ഇവിടെത്തന്നെ ഉണ്ടാകും. ജനാധിപത്യമനുഷ്യർ ഉണർന്നിരിക്കുക എന്നത് മാത്രമാണ് പരിഹാരം. അക്കാര്യം ഊന്നിപ്പറയാനാണ് ചോര പെയ്യുന്ന ഭൂപടം ശ്രമിച്ചത്. ഇന്ത്യയെ പൊതിഞ്ഞ ഇരുട്ട് താത്കാലികമാണ് എന്ന ശുഭാപ്തി തന്നെയാണ് പുസ്തകം പങ്കിടുന്നത്.
ഈ കൃതിയിലേക്ക് എന്നെ വഴി നടത്തിയത് എഴുത്തുകാരനും പ്രഭാഷകനുമായ കെ ഇ എൻ ആണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾ കേരളത്തിൽ ചൂടുപിടിച്ചു നിൽക്കുന്ന നാളുകളിലൊന്നിൽ തൃശൂരിലെ ഒരു പ്രോഗ്രാമിലേക്കുള്ള യാത്രാമദ്ധ്യേ പല കാര്യങ്ങൾ സംസാരിക്കവേ കെ ഇ എൻ മാഷ് പറഞ്ഞു: ”പ്രസംഗം കൊണ്ട് മാത്രം കാര്യമില്ല, ഈ പറയുന്നതൊക്കെ എഴുതിവെക്കണം, പുസ്തകമാക്കണം. പുസ്തകങ്ങളേ ജീവിക്കൂ”- പുസ്തകരചനയുമായി ബന്ധപ്പെട്ട് പിന്നെയും ഏറെപ്പറഞ്ഞു അദ്ദേഹം. ആ വാക്കുകളാണ് ‘ചോര പെയ്യുന്ന ഭൂപടം’ എന്ന പുസ്തകം സാധ്യമാക്കിയത്. ഒരുമിച്ചുള്ള ആ തൃശൂർ യാത്രയും മാഷിന്റെ ആ സംസാരവും ഇല്ലായിരുന്നെങ്കിൽ ഈ പുസ്തകം വെളിച്ചപ്പെടില്ലായിരുന്നു എന്നുതന്നെയാണ് ഞാൻ കരുതുന്നത്.
ഒട്ടും പ്രതീക്ഷയില്ലാതെയാണ് സച്ചിദാനന്ദൻ സാറിന് ഇ- മെയിലിൽ പുസ്തകത്തിന്റെ പിഡിഎഫ് അയക്കുന്നത്. കോവിഡ് ജനജീവിതത്തെ അടച്ചിട്ട നാളുകൾ ആയിരുന്നു അത്. എന്നിട്ടും കനപ്പെട്ട അവതാരിക നൽകി അദ്ദേഹം എന്നോട് ദയ കാണിച്ചു. ഹബീബ് മാളി ചിത്രം വരച്ചു. ഐ പി ബി വെളിച്ചം കാണിച്ചു…