കുഞ്ഞു മനസ്സിന്റെ നോവ്

ചെറിയ ചാറ്റല്‍ മഴ ഉണ്ടെങ്കിലും അതൊന്നും വകവെക്കാതെ നന്ദിനി ഓടുകയാണ്… അവളുടെ മുഷിഞ്ഞ കുഞ്ഞുടുപ്പില്‍ റോഡ് സൈഡില്‍ കെട്ടിക്കിടന്ന വെള്ളം തെറിച്ചു… പാറിപ്പറന്ന എണ്ണമയമില്ലാത്ത മുടിയിഴകള്‍ ഇടയ്ക്കിടെ അവള് കൈകൊണ്ടൊതുക്കി വെച്ചു.
സമയം എട്ടു മണി ആകുന്നേയുള്ളൂ… റോഡില്‍ കുതിക്കുന്ന വാഹനങ്ങളുടെ തിരക്ക്… സ്കൂള്‍ ബസുകളുടെ നെട്ടോട്ടം… ആ ബസുകളില്‍ പുറത്തേക്കു നോക്കുന്ന കുട്ടികള്‍ പലരും അവളെ കണ്ട് അത്ഭുതം കൂറി.
ഹാ… എന്തു സുഖമാണവള്ക്ക്… ഇഷ്ടമുള്ളിടത്തേക്ക് ആരുടേയും എതിര്‍പ്പില്ലാതെ പോകാം… നമ്മളോ വീട്ടുമുറ്റത്തു നിന്നും വാഹനം കയറുന്നു… സ്കൂളില്‍ ഇറങ്ങുന്നു… യാതൊരു സ്വാതന്ത്ര്യവുമില്ല.
ബസില്‍ പോകുന്ന കുട്ടികളെ നന്ദിനി കൗതുകപൂര്‍വം നോക്കി… മോഹങ്ങള്‍ അസ്തമിച്ച ആ കുഞ്ഞു മനസ്സ് നീറിക്കൊണ്ടിരുന്നു… സ്കൂള്‍ എന്നത് അവള്‍ക്ക് അന്യമാണ്… അവളുടെ ലോകത്ത് പഴയ വസ്തുക്കള്‍ സംഭരിക്കുക മാത്രം.
അമ്മയ്ക്കു പൂര്‍ണ സമ്മതമുണ്ടായിട്ടല്ല ഇത്രയും ദൂരം ഓടിയത്… അമ്മയുടെ കൂടെ എന്നും പഴയ സാധനങ്ങള്‍ പെറുക്കാന്‍ പോകും… ഇന്ന് താനില്ലെന്ന് പറഞ്ഞപ്പോള്‍ അമ്മയ്ക്കു ദേഷ്യം വന്നതാ… തന്റെ കരച്ചില് കണ്ട് അമ്മ അര്‍ധ സമ്മതം മൂളി.
നന്ദിനി ഓരോന്നാലോചിച്ച് സ്കൂള്‍ ഗേറ്റിലെത്തിയതറിഞ്ഞില്ല. ഗേറ്റില്‍ പതിച്ചിരിക്കുന്ന അക്ഷരങ്ങളെ നോക്കി അവള് മന്ദഹസിച്ചു… എഴുത്തും വായനയുറിയാത്ത അവള് ആ വാചകം നോക്കി പറഞ്ഞു.
സ്വാതന്ത്ര്യദിനാശംസകള്‍
ശരിയാ… അതു തന്നെയാണ് അവിടെ കുറിച്ചിട്ടിരിക്കുന്നതും… കുട്ടികള്‍ ആവേശത്തിലാണ്… മൂവര്‍ണക്കൊടിയും പിടിച്ചു നില്ക്കുന്ന കുഞ്ഞുമക്കളുടെ ആവേശം നന്ദിനിയെയും ആവേശം കൊള്ളിച്ചു.
അവരുടെ കൂടെ ആടിത്തിമര്‍ക്കാന്‍ അവള്‍ക്കും കൊതിയായി… മന്ദം മന്ദം ഗേറ്റു വഴി ഉള്ളില്‍ കടന്നതും…
“എവിടേക്കാ നീ… പുറത്തു പോ…”
ആക്രോശം കേട്ട് നന്ദിനി നടുങ്ങി… പേടിച്ചു വിറച്ചവള്‍ ഗേറ്റിനു പുറത്തെത്തി… സെക്യൂരിറ്റിക്കാരന്റെ ചുവന്ന കണ്ണുകള്‍ കണ്ട് അവളുടെ ഭയം ഇരട്ടിച്ചു.
ഗേറ്റിനു വെളിയിലെ തണല്‍മരത്തിനു ചുവട്ടില്‍ ഒത്തിരി വിഷമത്തോടെ അവളിരുന്നു… ആ മരത്തില്‍ വന്നിരുന്ന കുഞ്ഞിക്കിളികള്‍ അവളുടെ ദയനീയത കണ്ട് ചിലച്ച് ദുഃഖമറിയിച്ചു.
സ്കൂളില്‍ പതാക ഉയര്‍ത്തുകയും അതിനോടനുബന്ധിച്ചുള്ള ദേശഭക്തി ഗാനങ്ങളും നന്ദിനിയെ ആവേശം കൊള്ളിച്ചു… അവ്യക്തമായ ആ ദൃശ്യങ്ങളെല്ലാം അവള് ആസ്വദിച്ചു.
കുട്ടികള്‍ക്കിടയില്‍ മിഠായി വിതരണം നടക്കുമ്പോള്‍ അവളുടെ വായില്‍ വെള്ളമൂറി.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തിനുവേണ്ടി പൊരുതി വീരമൃത്യു വരിച്ച രക്തസാക്ഷികളുടെ ഓര്മ പുതുക്കിക്കൊണ്ട് ആ സ്കൂള്‍ പരിപാടി അവസാനിച്ചു.
“ജയ് ഹിന്ദ്…”
ഉയര്‍ന്ന കരഘോഷം മുഴങ്ങി… കുട്ടികളുടെ ആര്‍പ്പുവിളികള്‍ അവിടെ ഉയര്‍ന്നു… നന്ദിനി ഏന്തിയും വലിഞ്ഞും അതെല്ലാം നോക്കി കണ്ടു.
കുട്ടികളെല്ലാം പിരിഞ്ഞു പൊയ്കൊണ്ടിരുന്നു. തന്നെ ആരും ശ്രദ്ധിക്കുന്നുപോലുമില്ല… കൈ നിറയെ മിഠായുമായി പോകുന്ന കുട്ടികളെ കണ്ടപ്പോള്‍ നന്ദിനിക്ക് ശരിക്കും കരച്ചില് വന്നു… അവളുടെ അഴുക്കു പുരണ്ട കൈകള്‍ കൊണ്ടവള്‍ കണ്ണുകള്‍ തുടച്ചു.
സെക്യൂരിറ്റിക്കാരന് അവളെ തന്നെ തുറിച്ചു നോക്കുകയാണ്… അയാള്‍ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.
ഇനിയും ഇവിടെ ഇരുന്നാല്‍ അമ്മക്കു വിഷമമാവുമെന്നു കരുതി നന്ദിനി പോകാനായി എഴുന്നേറ്റു… സ്വാതന്ത്ര്യം എന്തെന്നറിയാത്ത അവളുടെ ലോകത്തേക്ക്.
അവളെ കണ്ട് ചില കുട്ടികള്‍ കൂക്കി വിളിച്ചു… ചിലര്‍ മിഠായിക്കടലാസുകള്‍ ചുരുട്ടി അവളെ എറിഞ്ഞു… ആ കുഞ്ഞിക്കണ്ണുകള്‍ വീണ്ടും നിറഞ്ഞു തുളുമ്പി.
ബസ് പോകാനൊരുങ്ങവെ അതില്‍നിന്നും ഒരു കുട്ടി ഇറങ്ങി അവളുടെ അടുത്തെത്തി… നിസ്സംഗതയോടെ നോക്കി നിന്ന അവളുടെ അഴുക്കു പുരണ്ട കൈകളിലേക്ക് അവന് തന്റെ കൊച്ചു പതാക കൈമാറി… പിന്നെ കൈ നിറയെ മിഠായികളും.