ഞാൻ കണ്ട സ്വാതന്ത്ര്യ സമര നായകർ

ഹൈസ്കൂൾ പഠനകാലത്താണ് വയോധികനും പ്രമുഖ സ്വാതന്ത്ര്യ പോരാളിയുമായ ഇ.മൊയ്തു മൗലവിയെ കാണുന്നത്. അന്ന് മർകസ് ബോർഡിങ്ങിലെ വിദ്യാർഥിയായിരുന്നു ഞാൻ. എരമംഗലത്തെ കോൺഗ്രസ് നേതാവായ യു.അബൂബക്കറിന്റെ മകന്റെ കല്യാണ വേദി, ജുബ്ബയണിഞ്ഞ, വെള്ളത്തൊപ്പിയും കറുത്ത കണ്ണടയും നരബാധിച്ച താടിയുമുള്ള ആ മനീഷിയാണ് നിക്കാഹിന് നേതൃത്വം നൽകിയത്. അകലെ നിന്ന് ഭവ്യതയോടെ അഭിമാനപുരസ്സരം നോക്കിനിന്നു.
കാലങ്ങൾക്ക് ശേഷമാണ് ഇ.മൊയ്തുമൗലവിയുടെ പുത്രനും സ്വാതന്ത്രസമരനായകനുമായ എം.റഷീദിനെ കാണുന്നത്. കോഴിക്കോട്ടുനിന്ന് മാറഞ്ചേരിക്കടുത്ത് പഴഞ്ഞിയിലേക്ക് താമസം മാറിയ സമയം. കൊമ്പൻ മീശയും ബുർഗാൻ താടിയും നീളൻ ജുബ്ബയും കാലൻകുടയുമേന്തി ബസ് കാത്തുനിൽക്കുന്ന ആ വനെഹ്റുവിന്റെ എല്ലാംകൊണ്ടും ഒരു അപൂർവ്വതയായിരുന്നു. സൗമ്യനും ധീരനുമായ റഷീദ്ക്കയുമായി അടുത്ത് ബന്ധപ്പെടാൻ അവസരം ലഭിച്ചത് ജീവിതത്തിലെ അതുല്യ സൗഭാഗ്യമായി കരുതുന്നു .
ഇടക്കിടെ ഞാൻ അദ്ദേഹത്തിന്റെ വസതിയിലെത്തും. മൃദുഭാഷിയായ അദ്ദേഹത്തിന്റെ സംസാരത്തിനിടയിൽ ലോകകാര്യവും ഗതകാലാനുഭങ്ങളും കയറിവരും.ഇടക്ക് തമാശകൾ പങ്കുവെക്കും. എന്റെ “ചുട്ടക്ഷരങ്ങൾ” കവിതാസമാഹാരം എം.എൻ .വിജയനിൽനിന്ന് ഏറ്റുവാങ്ങിയത് എം റഷീദാണ് . മറ്റൊരു റഫറൻസ് ഗ്രന്ഥം “കേരളം പഠനസഹായി”യുടെ പ്രകാശനകർമ്മം നിർവഹിച്ചത് റഷീദിക്കയാണ്.
എം.റഷീദ് ഒരു വേറിട്ട വ്യക്തപ്രഭാവമായിരുന്നു. “എന്റെ പിതാവായ മൊയ്തുമൗലവിയേക്കാളും ഗുരുതുല്യനായ മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബിനെക്കാളും എന്നെ ആകർഷിച്ച വ്യക്തിത്വം സ്വാതന്ത്ര്യസമരഭടനായ പറയരിക്കൽ കൃഷ്ണപ്പണിക്കരാണ് “എന്ന് എം. റഷീദ് തുറന്നെഴുതി.
ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുത്ത് ഒമ്പതാം ക്ലാസുകാരനായ എം. റഷീദ് ജയിലിലായി.പിതാവായ മൊയ്തുമൗലവിയുടെ മാപ്പപേക്ഷയു ണ്ടെങ്കിൽ മോചിതനാക്കാം എന്ന് ജയിലധികൃതർ പറഞ്ഞെങ്കിലും ദേശാഭിമാനിയായ പിതാവ് അതിന് തയ്യാറായില്ല.ജയിൽവാസം വരിച്ച മകനെയോർത്ത് അഭിമാനിച്ചു.
അക്ഷരാർത്ഥത്തിൽ ഒരു സ്വാതന്ത്ര്യത്തറവാടായിരുന്നു എം. റഷീദിന്റെത്.പിതാമഹൻ പണ്ഡിത പ്രമുഖനും സ്വതന്ത്രപോരാളിയുമായ മലയംകുളത്തേൽ മരക്കാർ മുസ്‌ല്യാർ. പിതാവ് ഇ. മൊയ്തുമൗലവി, പുത്രൻ എം റഷീദ്. മൂവരും സ്വാതന്ത്ര രംഗത്ത് അടരാടി ജയിൽവാസം അനുഷ്ഠിച്ചവർ.
ഈ അപൂർവ്വ ബഹുമതി ഇന്ത്യാ ചരിത്രത്തിൽ ഇന്ദിരാഗാന്ധിക്ക് മാത്രമേ അവകാശപ്പെടാനുള്ളൂ.വല്യച്ഛൻ മോത്തിലാൽ നെഹ്റു, പിതാവ് ജവഹർലാൽ നെഹ്റു, പുത്രി ഇന്ദിരാഗാന്ധി ,മൂവരും സ്വാതന്ത്ര്യസമരം നയിച്ചവർ.കോൺഗ്രസ് പാരമ്പര്യം ഉപേക്ഷിച്ച് സോഷ്യലിസ്റ്റ് പാർട്ടിയിൽ സഞ്ചരിച്ച് ട്രോട്സ്കിയനായി ജീവിതം നയിച്ച എം.റഷീദ് മികച്ച എഴുത്തുകാരനും കോളമിസ്റ്റുമായിരുന്നു.
റഷീദ് എന്റെ വീട്ടിൽ പലതവണ സന്ദർശകനായി എത്തിയിട്ടുണ്ട്. പല പരിപാടികളിലും ആ മഹാമനുഷ്യന്റെ സാന്നിധ്യമറിയിച്ചു.പലപ്പോഴും ഫോണിൽ വിളിച്ച് കുശലമാരായും. ഒരിക്കൽ എന്റെ ഡയറിയിൽ അദ്ദേഹം ഇങ്ങനെ കുറിച്ചു:”സാഹിത്യരംഗത്തും പൊതുരംഗത്തും ഹക്കീം വെളിയത്ത് തിളങ്ങുന്നത് ഞാൻ എന്റെ മനോ ദൃഷ്ടിയിൽ കാണുന്നു” വെന്ന്.’വേദനയുടെ നോട്ടുപുസ്തകം’ എന്ന എന്റെ കവിതാ സമാഹാരത്തെ കുറിച്ച് മാധ്യമം പത്രത്തിലെ തന്റെ പംക്തിയിൽ അദ്ദേഹം ‘ഹക്കീമിന്റെ നോട്ടുപുസ്തകം’ എന്ന് കുറിപ്പെഴുതി. ഇതുവായിച്ച് ഏഷ്യാനെറ്റിൽ ‘മുൻഷി’ പരിപാടി അവതരിപ്പിക്കുന്ന അനിൽ ബാനർജി എന്നെ വിളിക്കുകയും ‘അലക്ക്-ഡോട്ട് കോളി’ലേക്ക് സൃഷ്ടി ആവശ്യപ്പെടുകയും ചെയ്തു.
ബോംബെയിൽ വച്ച് ഗാന്ധിജിയുടെ പ്രസംഗം കേട്ടതും നെഹ്റുവിൻറെ പ്രഭാഷണം ശ്രവിച്ചതും അദ്ദേഹം അനുസ്മരിക്കാറുണ്ട്.
ഇന്ത്യയുടെ സ്വാതന്ത്ര്യം അപൂർണമെന്ന് ഉറച്ചു വിശ്വസിച്ച അദ്ദേഹം പാക്കിസ്ഥാൻ ,ബംഗ്ലാദേശ് എന്നീ രാഷ്ട്രങ്ങളിൽ സംഭവിച്ചതുപോലെ സൈനിക ഭരണം വരാത്തതിൽ സന്തുഷ്ടനുമായിരുന്നു.
തികച്ചും മാപ്പിളത്തം തുളുമ്പുന്ന ശൈലിയിൽ എഴുതുന്നതിൽ എം റഷീദ് അഭിമാനിയായിരുന്നു.
തന്റെ പ്രായത്തെക്കുറിച്ച് പറയുമ്പോൾ ” ഇനിയുള്ള കാലമെല്ലാം എനിക്ക് ബോണസാണെന്ന് ‘ തമാശരൂപേണ ആത്മഗതം ചെയ്യുമായിരുന്നു.
അവസാനകാലത്ത് മകളോടൊപ്പം സേലത്തായതിനാൽ റഷീദ്ക്കയുടെ അഭാവം എന്നെ നന്നായി അലട്ടിയിരുന്നു.
ഔപചാരിക ബഹുമതിയോടെയായിരുന്നു ആ ത്യാഗിയുടെ മടക്കയാത്ര.വെളിയംകോട് ജുമാ മസ്ജിദിൽ നടന്ന മയ്യിത് നിസ്കാരത്തിന് നേതൃത്വം കൊടുക്കാനായത് ജീവിതത്തിലെ അസുലഭ നിമിഷമായി നെഞ്ചേറ്റുന്നു.
‘രിസാല ‘ വാരികയിലും ‘തേജസ്’ ദ്വൈവാരികയിലും ഞാൻ ഓർമക്കുറിപ്പെഴുതി.
ഞാൻ കണ്ട സ്വാതന്ത്ര്യസമരസേനാനികളിൽ മറ്റു രണ്ടുപേർ സുഭാഷ് ചന്ദ്രബോസിന്റെ INA യിൽ ഭടൻമാരായ മാധവൻനായരും ആനക്കര വടക്കത്ത് സുശീലാമ്മയുമായിരുന്നു.
ഇരുവരെയും ‘നവകം മാസിക’യുടെ വാർഷിക സമ്മേളനത്തിൽ കണ്ടുമുട്ടി.പ്രമുഖ സ്വാതന്ത്രസമര സേനാനി ഗോപിനാഥൻ നായരെ സർവോദയ മേളയിലാണ് കാണാനായത്.