ട്രീറ്റ്‌ ഫോർ ഫ്രെണ്ട്സ്

പിറന്നാളായിട്ട് സ്റ്റാറ്റസ് ഇടണം എന്നുണ്ടായിട്ടും ഇടാനൊരു പേടി.കഴിഞ്ഞ പിറന്നാളിന് തന്നെ കൂട്ടുകാര് തന്ന പണി മറന്നിട്ടില്ല. ഒരാഴ്ച പണിക്ക് പോയ പൈസ മൊത്തം അവന്മാര് ഒരു ദിവസം കൊണ്ട് തീർത്തു തന്നു. ലോക്ക്ഡൗണായത് കൊണ്ട് ഇപ്പം പണിയും ഇല്ല. ട്രീറ്റ്‌ പിന്നയാക്കാന്ന് പറഞ്ഞ എച്ചിത്തരം പറയല്ലേന്ന് പറഞ്ഞ് ആകെ നാണം കെടുത്തും. സത്യം പറഞ്ഞാ എന്തങ്കിലും സന്തോഷം ഉള്ള ദിവസങ്ങള് പുറത്ത് പറയാൻ പേടി ആയിട്ടുണ്ട്. കയ്യിലുള്ളോന് സന്തോഷിക്കാം..അല്ലാത്തോന് മുണ്ടാണ്ട് നിന്നാ കീശ കാലിയാവൂല…

“ഓന് ഞമ്മളേനൊക്കെ വന്ന് മുണുങ്ങ.. ഓന്റെ കീശേന്ന് എടുക്കാൻ മടിയാ “.. റാഷി തമാശക്ക് പറഞ്ഞതാണേലും അതന്ന് ആത്മാഭിമാനത്തിൽ കയറിയാണ് കൊണ്ടത്.പിന്നെ പിന്നെ വിളിച്ചാലും പരിപാടികളൊക്കെ ഒഴുവാക്കാൻ നോക്കാൻ തുടങ്ങി.കൊടുക്കാനും സൽക്കരിക്കാനും ഒക്കെ പൂതിണ്ട്.. അത്യാവശ്യങ്ങള് മുഴുവനാക്കാത്ത ഞാനെങ്ങനെയാ മനസ്സറിഞ്ഞു സൽക്കരിക്കുക..

ചിന്തിച്ചു ചിന്തിച്ചു എപ്പഴാ ഉറങ്ങിയതെന്ന് അറിയില്ല. ഉറക്കച്ചടവോടെയാണ് പണിക്ക് പോയത്.ഫോണില് നെറ്റ് ഓണാക്കാൻ തോന്നിയതേയില്ല.പണി കഴിഞ്ഞു വീട്ടിലെത്തി നേരെ കട്ടിലിലേക്ക് തന്നെ വീണു. ഉമ്മാന്റെ വിളി കേട്ടാണ് കണ്ണ് തുറന്നത്.”അന്റെ ഫോൺ എത്ര നേരായി കെടന്ന് അടീന്ന്”.. ന്നെന്ന് പറഞ്ഞ് ഉമ്മ ഫോണും കൊണ്ട് വന്നു.
“ഷമീറെ.. നാസറ് ആക്‌സിഡന്റ് ആയിട്ട് വിംസ് ഹോസ്പിറ്റലിൽ ആണുള്ളത്. ഇയ്യ് അന്റേൽ ന്തേലും പൈസ ണ്ടേൽ അതും എടുത്ത് വേഗം വാ.”റാസി ആണ് വിളിച്ചത്.
എങ്ങനെയെക്കയോ കയ്യും മുഖവും കഴുകി ഉമ്മാനോട് കാര്യം പറഞ്ഞു . കയ്യിലുള്ളതൊക്കെ പെറുക്കിക്കൂട്ടിയപ്പോ രണ്ടായിരം തികച്ചില്ല. കാതില് കെടക്കുന്ന കമ്മലഴിച്ചു കയ്യിൽ തന്ന് ഉമ്മ “ന്നാ പണയം വെച്ച് പൈസടുത്തോ.. എന്തേലും വന്ന ഓടി വരാനുള്ള മക്കളാണ് “ന്ന് പറഞ്ഞു പെട്ടെന്ന് പൊയ്ക്കോളാൻ പറഞ്ഞു .തിരക്കിലൂടെ എങ്ങനെയൊക്കെയോ ബൈക്കും ഓടിച്ചു ഹോസ്പിറ്റലിന്റെ മുമ്പിലെത്തി റാസിനെ വിളിച്ചു.”ആഹ് ഇയ്യെത്തിയോ ഹോസ്പിറ്റലിന്റെ മുമ്പിലെ ഗോൾഡൻലേക്ക് വേഗം വാ”ന്ന് പറഞ്ഞ് ഓൻ ഫോൺ വെച്ച്. ഹോട്ടലിലേക്ക് ചെല്ലാൻ പറഞ്ഞതെന്തിനാന്ന് ഒരു നിമിഷം ആലോചിച്ചെങ്കിലും മനസ്സ് നിറയെ നാസറിന്റെ മുഖം മാത്രം ആയിരുന്നു.ഫൈവ് സ്റ്റാർ ഹോട്ടലിന്റെ മൂന്നാം നിലയിലേക്ക് ലിഫ്റ്റില് വന്നിറങ്ങുമ്പോ മുമ്പില് പിറന്നാളാഘോഷത്തിനുള്ള ഒരുക്കങ്ങള് പൂർത്തിയാക്കി സുഹൃത്തുക്കൾ കാത്തിരിക്കുകയായിരുന്നു. റേഷൻ വാങ്ങാൻ വേണ്ടി കാത്തു നിക്കുന്ന ഉമ്മാന്റെ മുഖം ആണ് മനസ്സിലേക്ക് എത്തിയത്..
ഇഷ്ടക്കേടോടെ അലങ്കരിച്ച ടേബിളിനു മുമ്പിലു നിക്കുമ്പോ കരച്ചിലാണോ ദേഷ്യമാണോ പുറത്ത് വരുന്നതെന്ന് തിരിയുന്നുണ്ടായിരുന്നില്ല.ആഘോഷങ്ങളൊക്കെ കഴിഞ്ഞു സുഹൃത്തുക്കളുടെ സ്റ്റാറ്റസുകളിൽ ട്രീറ്റ്‌ ബൈ ഷമീറെന്ന് ഹാഷ് ടാഗ് ഇട്ട ഫോട്ടോകളിൽ തന്റെ മുഖം മാത്രം താഴ്ന്നിരിക്കുന്നത് അവൻ നിർവികാരതയോടെ നോക്കി നിന്നു..

Leave a Reply

Your email address will not be published.